തൃശൂർ - മാറു മറക്കൽ സമര നായികയായിരുന്ന ദേവകി നമ്പീശൻ (89) അന്തരിച്ചു. അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്.എൻ നമ്പീശന്റെ ഭാര്യയാണ്. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം. 1956-ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്ന് ദേവകി നമ്പീശൻ മുന്നിലുണ്ടായിരുന്നു. അങ്ങനെ സമരചരിത്ര ഭൂമികയിൽ സ്ത്രീകളുടെ സംഘശക്തി വിളിച്ചറിയിച്ച് വീരേതിഹാസം പകരാനും സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കാനും ഇവരുടെ ഇടപെടൽ സഹായിച്ചിരുന്നു.