കിലോക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ വിലയുള്ള ആ മാങ്ങ കൊൽക്കത്തയിലുണ്ട്

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ 'മിയാസാക്കി' പ്രദർശനത്തിനുണ്ടായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഉത്സവം ഇന്നലെയാണ് അവസാനിച്ചത്. സിലിഗുരിയിലെ മതിഗരയിലെ ഒരു മാളിലായിരുന്നു പ്രദർശനം. 
അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസം (എസിടി)യുമായി ചേർന്ന് മോഡല് കെയർടേക്കർ സെന്റർ ആൻഡ് സ്‌കൂൾ (എം.സി.സി.എസ്) ആണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഫെസ്റ്റിവലിൽ, 262 ലധികം ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം എന്ന് വിളിക്കപ്പെടുന്ന മിയാസാക്കിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള ഷൗക്കത്ത് ഹുസൈൻ എന്ന കർഷകൻ പത്തു മിയാസാക്കി മാമ്പഴമാണ് ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചത്. ഈ മാങ്ങകൾക്ക് കിലോയ്ക്ക് 2.75 ലക്ഷം രൂപയാണ് വില.
സാധാരണയായി ജപ്പാനിൽ കണ്ടുവരുന്ന മിയാസാക്കി മാമ്പഴം ഇപ്പോൾ ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് കാണപ്പെടുന്നത്. റിപ്പോർട്ട് അനുസരിച്ച്, ബിർഭം ജില്ലയിലെ ദുബ്രജ്പൂർ നഗരത്തിലെ ഒരു പള്ളിക്ക് സമീപമാണ് മിയാസാക്കി മാമ്പഴം നട്ടുപിടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇത് കാണാനെത്തുന്നുണ്ട്. 

 

ജപ്പാനിലെ ക്യുഷു പ്രിഫെക്ചറിലെ മിയാസാക്കി നഗരത്തിലാണ് മിയാസാക്കി മാമ്പഴം ആദ്യം വളർന്നത്. 'സൂര്യന്റെ മുട്ട' എന്നറിയപ്പെടുന്ന ഈ മാമ്പഴത്തിന് സാധാരണയായി 350 ഗ്രാം ഭാരമുണ്ട്. 15 ശതമാനമോ അതിൽ കൂടുതലോ പഞ്ചസാരയും ഉണ്ട്.

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രചാരത്തിലുള്ള സാധാരണ മാമ്പഴ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലും നിറത്തിലുമാണിത്. പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, മിയാസാക്കി മാമ്പഴങ്ങളുടെ ഉത്പാദനം 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും മിയാസാക്കിയിൽ ആരംഭിച്ചു. നഗരത്തിലെ ചൂടുള്ള കാലാവസ്ഥയും സൂര്യപ്രകാശവും സമൃദ്ധമായ മഴയും കർഷകരെ മാമ്പഴ കൃഷിയിലേക്ക് പോകാൻ സഹായിച്ചു. ഏപ്രിലിനും ഓഗസ്റ്റിനും ഇടയിൽ ഏറ്റവും കൂടുതൽ വിളവെടുപ്പ് നടക്കുന്ന സമയത്താണ് ഈ മാങ്ങകൾ വളരുന്നത്.


ഈ മാമ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണെന്നും ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണെന്നുമാണ് കരുതുന്നത്. കാഴ്ച കുറയുന്നത് തടയാനും അവ സഹായിക്കുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഈ ഇനം കൃഷി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനെക്കൂടാതെ, മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ ദമ്പതികളുടെ പൂന്തോട്ടത്തിൽ ഈ മാമ്പഴത്തിന്റെ രണ്ട് മരങ്ങൾ വളരുന്നുണ്ട്. ട്രെയിനിൽ വച്ച് ഒരാൾ തങ്ങൾക്ക് ചെടിയുടെ തൈ നൽകിയതായാണ് ദമ്പതികൾ പറയുന്നത്. 

Latest News