Sorry, you need to enable JavaScript to visit this website.

ഹനുമാനെ കോണ്‍ഗ്രസ് നേതാവ് ആദിവാസിയെന്ന് വിളിച്ചു, മധ്യപ്രദേശില്‍ വിവാദം

ഭോപ്പാല്‍- ഹനുമാനെ ആദിവാസിയെന്ന് വിളിച്ച മധ്യപ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാംഗവും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി.  ഭഗവാന്‍ ഹനുമാനെ അപമാനിച്ചരിക്കയാണെന്ന് ബിജെപിയുടെ സംസ്ഥാന വക്താവ് ഹിതേഷ് ബാജ്‌പേയി പറഞ്ഞു.
ധാര്‍ ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എ ഹനുമാനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഭഗവാന്‍ ഹനുമാന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവനാണെന്നും എല്ലാ ഗോത്രവര്‍ഗക്കാരും അദ്ദേഹത്തിന്റെ പിന്‍ഗാമികളാണെന്നുമായിരുന്നു പ്രസ്താവന.
കഥ എഴുതുന്നവര്‍ പല ട്വിസ്റ്റുകളും നല്‍കുന്നു. എന്നാല്‍ ഹനുമാന്‍ ഗോത്രവര്‍ഗക്കാരനാണെന്നാണ് ഞാന്‍ പറയുക. അദ്ദേഹം ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയി. അതിനാല്‍, ഞങ്ങള്‍ അവന്റെ സന്തതികളാണ്. ഞങ്ങള്‍ ബിര്‍സ മുണ്ടയുടെയും താന്ത്യ മാമയുടെയും ഹനുമാന്റെയും പിന്‍ഗാമികളാണ്. ഞങ്ങള്‍ ഗോത്രവര്‍ഗക്കാരാണെന്ന് അഭിമാനത്തോടെ പറയൂ- പറഞ്ഞു.
കോണ്‍ഗ്രസ് ഹനുമാനെ ദൈവമായി കണക്കാക്കുന്നില്ലെന്ന് സിംഗാറിനെ വിമര്‍ശിച്ചുകൊണ്ട് ഹിതേഷ് പറഞ്ഞു. അവര്‍ ഹനുമാന്‍ ജിയെ ദൈവമായി കണക്കാക്കുന്നില്ല! ഹനുമാന്‍ ജിയെ ഹിന്ദുക്കള്‍ ആരാധിക്കുന്നതായി അവര്‍ കരുതുന്നില്ല! അവര്‍ ഹനുമാന്‍ ജിയെ അപമാനിക്കുന്നു- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ബി.ജെ.പി ഗോത്രവര്‍ഗക്കാരനായ തന്നെ അപമാനിച്ചിരിക്കയാണെണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്‌പേയി ട്വീറ്റ് ഡിലീറ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നോട് പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സിംഗാര്‍ പറഞ്ഞു.

 

Latest News