ന്യൂഡല്‍ഹി- വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറുടെ നേതൃത്വത്തില്‍ പുതിയ സമാധാന കമ്മിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി, സംസ്ഥാനത്തെ ഏതാനും മന്ത്രിമാര്‍, എം. പിമാര്‍, എം. എല്‍. എമാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സമുദായങ്ങളുമായും സംഘടനകളുമായും സംസാരിച്ച് പരിഹാരം കാണുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരും കമ്മിറ്റിയിലുണ്ടാകും.
പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമെല്ലാം മുന്നോട്ടുവെച്ചെങ്കിലും ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും മണിപ്പൂര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. നിലവില്‍ സംഘര്‍ഷ സാധ്യതകള്‍ തടയാന്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം പ്രാബല്യത്തിലുണ്ട്.