ന്യൂയോര്‍ക്ക്-ലോക കേരള സഭയില്‍ പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക കേരളസഭയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചു. പ്രായോഗികമായ 67 നിര്‍ദേശങ്ങള്‍ കണ്ടെത്തി. ഇതില്‍ 11 വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. 56 ശുപാര്‍ശകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ശുപാര്‍ശകള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകളില്‍ ഡെപ്യൂട്ടി, അണ്ടര്‍ സെക്രട്ടറിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മിത്രം പോര്‍ട്ടല്‍ ആരംഭിച്ചു. പ്രവാസികള്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്ജമായി. പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോം രൂപീകരിക്കല്‍ അവസാന ഘട്ടത്തിലാണ്. ഡിജിറ്റല്‍ സര്‍വകലാശാലയും നോര്‍ക്കയും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. പ്രവാസികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും അവസാന ഘട്ടത്തിലാണ്.
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് വരുത്തിയത്. പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 സംരംഭം ആരംഭിച്ചു. പ്രവാസി ഭദ്രത പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.