ഭുവനേശ്വര്‍ - ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന റെയില്‍വേ സ്‌റ്റേഷന്‍ പൂട്ടി സീല്‍ ചെയ്തു. ഇനി ഒരു ട്രെയിനും ഇവിടെ നിര്‍ത്തില്ല. ബാലസോറിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘം സീല്‍ ചെയ്തത്. സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന്‍ സീല്‍ ചെയ്തത്. റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും 1200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം റെയില്‍വേ പാളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷവും ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തിയിരുന്നു. ഈ സ്റ്റേഷനിലൂടെ പ്രതിദിനം 170 ട്രെയിനുകള്‍ കടന്നുപോകുന്നുണ്ടെങ്കിലും, ചില പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്താറുള്ളത്. സ്റ്റേഷന്‍ അടച്ചു പൂട്ടി സീല്‍ ചെയ്തതോടെ അതും നിലച്ചു.