ന്യൂദല്‍ഹി- വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരക്കുന്ന കിംവദന്തികളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നത് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പരത്തി ആള്‍ക്കൂട്ടങ്ങള്‍ അക്രമങ്ങള്‍ നടത്തുന്നത് തടയാനുള്ള നടപടികള്‍ എടുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം ഊഹാപോഹങ്ങള്‍ പരക്കുന്നത് സമയോചിതമായി കണ്ടെത്തി വേണ്ട നടപടിയെടുക്കണമെന്നുമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം രാജ്യത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
സംസ്ഥാനങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ വഴി ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരാതിക്കാരുടെ ആവശ്യപ്രകാരം കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണം. വാട്‌സാപ്പിലൂടെ പടരുന്ന വ്യാജ സന്ദേശങ്ങള്‍ വഴിയാണ് പ്രധാനമായും ആള്‍ക്കൂട്ടം ആക്രമണത്തിന് ഇറങ്ങിത്തിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ധുലേയില്‍ ആള്‍ക്കൂട്ടം അഞ്ചു പേരെ അടിച്ചു കൊന്നിരുന്നു. അസം, കര്‍ണാടക, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടായി. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വാട്‌സാപ്പിനോടും ആവശ്യപ്പെട്ടിരുന്നു.