ബൊഗോട്ട- ഇതൊരു അതിജീവനത്തിന്റെ അത്ഭുതകരമായ കഥയാണ്. ആമസോൺ കാട്ടിൽ വിമാനം തകർന്നുവീണ് കാണാതായ നാലു കുട്ടികളെ നാൽപത് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് വന്യജീവികൾ വിഹരിക്കുന്ന കാട്ടിൽനിന്ന് കണ്ടെത്തിയത്. നാല്, ഒമ്പത്, പതിമൂന്ന് എന്നിങ്ങനെയാണ് ബാക്കി കുട്ടികളുടെ പ്രായം. മെയ് ഒന്നിനാണ് കുട്ടികളടക്കമുള്ള സംഘവുമായി തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനം ആമസോൺ കാടിനുമുകളിൽ തകർന്നു വീണത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും തകർന്നു വീഴുകയും ചെയ്തിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം കുട്ടികളുടെ അമ്മയുടേയും പൈലറ്റിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. എന്നാൽ, കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നാണ് കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസിലായത്. വെള്ളിയാഴ്ച രാത്രിയാണ് കുട്ടികളെ പറ്റിയുള്ള വിവരം പുറത്തുവന്നത്. കുട്ടികൾ ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. രാജ്യത്തിനാകെ സന്തോഷം!' പെട്രോ എഴുതി. കൊളംബിയൻ കാട്ടിൽ 40 ദിവസത്തോളം കഴിഞ്ഞ നാല് കുട്ടികൾ ജീവനോടെ തിരിച്ചെത്തി. കുട്ടികളുമായി രക്ഷാപ്രവർത്തകർ കാട്ടിൽ നടക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. കാണാതായ കുട്ടികളെ കണ്ടെത്താൻ പട്ടാളക്കാർ സ്‌നിഫർ നായ്ക്കളെയും സൈനിക വിമാനങ്ങളെയും വിന്യസിച്ചിരുന്നു.
തെക്കുകിഴക്കൻ കൊളംബിയയുടെയും വടക്കൻ പെറുവിന്റെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഹുയിറ്റോട്ടോ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് ഉടൻ തന്നെ മെഡിക്കൽ പരിശോധന നടത്തുമെന്ന് പെട്രോ പറഞ്ഞു.