തൊടുപുഴ- തൊടുപുഴയില്‍ നിന്നും മൂലമറ്റത്തിനുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ യാത്രക്കാരനെ ബസ് കണ്ടക്ടര്‍ വലച്ചു. വൈകിട്ട് 7ന് മൂലമറ്റത്തിനുള്ള ബസില്‍ കയറിയ വയോധികനെയാണ് കണ്ടക്ടര്‍ ചുറ്റിച്ചത്. 30 രൂപ നല്‍കി ടിക്കറ്റ് എടുത്ത ഇയാള്‍ മൂന്ന് 10 രൂപ നോട്ടുകള്‍ കണ്ടക്ടര്‍ക്ക് നല്‍കി. ഇതില്‍ ഒരു നോട്ടിലെ വെള്ളയില്‍ പേനകൊണ്ട് എഴുതിയതിനാല്‍ നോട്ട് എടുക്കാന്‍ കഴിയില്ലെന്നു കണ്ടക്ടര്‍ ശഠിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പകരം രൂപ നല്‍കാന്‍ മറ്റ് യാത്രക്കാര്‍ തയാറായെങ്കിലും കണ്ടക്ടര്‍ വഴങ്ങിയില്ല. യാത്രക്കാരന്റെ കയ്യില്‍ വേറെ പണമില്ലാത്തതിനാല്‍ ഗൂഗിള്‍പേ ചെയ്തു നല്‍കാമെന്നു പറഞ്ഞെങ്കിലും അതും സമ്മതിച്ചില്ല. തുടര്‍ന്ന് കുടയത്തൂരില്‍ ബസ് നിര്‍ത്തിയിട്ട് ഇവരുടെ തര്‍ക്കം മുറുകി. ചില യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ കയറി യാത്ര തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരനുമായി കണ്ടക്ടര്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. നിസ്സാര കാര്യത്തിന് യാത്രക്കാരെ വലക്കരുതെന്ന് കണ്ടക്ടര്‍ക്ക് താക്കീത് നല്‍കി പോലീസ് ഇവരെ മടക്കി അയച്ചു. സ്ത്രീകളടക്കം ഒട്ടേറെ യാത്രക്കാരാണ് കണ്ടക്ടറുടെ ധിക്കാരത്തില്‍ ചുറ്റിയത്.