Sorry, you need to enable JavaScript to visit this website.

'കെ.റെയിൽ വേണ്ടെന്ന് മുഖ്യമന്ത്രിയോട് പറയാൻ ബുദ്ധിജീവികൾക്ക് നട്ടെല്ലില്ല'

തൃശൂർ- കെ.റെയിൽ പദ്ധതി കേരളത്തിന് വിനാശകരമാണെന്നു മുഖ്യമന്ത്രിയോട് പറയാൻ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് നട്ടെല്ലില്ലെന്ന് ഗാന്ധിയൻ ചിന്തകനും എഴുത്തുകാരനുമായ കെ.അരവിന്ദാക്ഷൻ പറഞ്ഞു. സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ഫാസിസ കാലത്തെ എഴുത്തും പ്രതിരോധവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു  അദ്ദേഹം. 
കേരളത്തിൽ ഭരണകക്ഷിയുടെ സമഗ്രാധിപത്യവും കേന്ദ്രത്തിൽ ഫാസിസവും ജനത്തിന് ഭീഷണിയാണ്. ഭരണ കക്ഷിയുടെ ഭാഗമായവർക്ക് കേരളത്തിൽ എന്തും ചെയ്യാം എന്ന അവസ്ഥയുണ്ട്. അന്ധവിശ്വാസ ജടിലമായ ഒരു രാജ്യത്തേയ്ക്കാണ് കേന്ദ്രത്തിൽ ഭരണാധികാരികൾ ഇന്ത്യയെ നയിക്കുന്നത്. വിനാശകരമായ രാഷ്ട്രീയമാണ് ഇപ്പോൾ നമുക്ക് ചുറ്റിലും ഉള്ളത്. അതിൽ നിന്നും വ്യത്യസ്തമായ ശബ്ദം ഉയർന്നത് രാഹുൽ ഗാന്ധിയിൽ നിന്നാണ്. 
ധാർമ്മികത അവകാശപ്പെടാൻ ഇന്ത്യയിൽ ഇന്ന് സാധിക്കുന്ന ഏക രാഷ്ട്രീയക്കാരൻ രാഹുൽ ഗാന്ധിയാണ്. 
അത് ഏറ്റെടുക്കാൻ എത്ര കോൺഗ്രസുകാർക്ക് കഴിയുമെന്ന് കെ.അരവിന്ദാക്ഷൻ ചോദിച്ചു. ഇരുട്ട് മൂടുന്ന കാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. 2014 വരെ ഒറ്റ തിയോക്രറ്റിക്ക് ന്യായാധിപരും ഇല്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. അതിൽ മാറ്റം സംഭവിച്ചു. ഇന്ത്യയെ ആധുനികതയിലേക്ക് നയിച്ച നെഹ്‌റു സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി കൃഷ്ണൻ നായർ, ഡോ.അജിതൻ മേനോത്ത് എന്നിവർ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, സംസ്‌കര സാഹിതി ജില്ലാ കൺവീനർ എം.കെ ഉണ്ണികൃഷ്ണൻ, ട്രഷറർ രാമചന്ദ്രൻ പുതൂർക്കര എന്നിവർ സംസാരിച്ചു.
 

Latest News