Sorry, you need to enable JavaScript to visit this website.

ഔദ്യോഗിക കാര്‍ വേഗ പരിധി ലംഘിച്ചു; ഗവര്‍ണര്‍ പിഴയടച്ചു

തിരുവനന്തപുരം- ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉപയോഗിക്കുന്ന ഔദ്യോഗിക കാര്‍ വേഗ പരിധി ലംഘിച്ചതിന് ട്രാഫിക് ക്യാമറയില്‍ കുടുങ്ങി. ഔദ്യോഗിക വസതിക്കു സമീപത്തെ കാവടിയാല്‍ റോഡിലെ ക്യാമറയിലാണ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ എന്ന വേഗ പരിധി ലംഘിച്ച് പായുന്നതിനിടെ കാര്‍ കുടുങ്ങിയത്. ഏപ്രില്‍ 7-നാണ് സംഭവം. ക്യാമറയിലെ വിവരമനുസരിച്ച് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പയച്ച കത്ത് കഴിഞ്ഞയാഴ്ച ലഭിച്ചപ്പോഴാണ് നിയമ ലംഘനം അധികൃതര്‍ അറിയുന്നത്. ഇതറിഞ്ഞ ഗവര്‍ണര്‍ പിഴയടക്കാന്‍ തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു.

ഔദ്യോഗിക കാര്‍ അമിതവേഗതയില്‍ ചീറിപ്പായുമ്പോള്‍ ഗവര്‍ണര്‍ അതിലുണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ ഇന്ധനം നിറയ്ക്കാനായി കൊണ്ടു പോകുകയായിരുന്നുവെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.

പിഴയടച്ച ഗവര്‍ണര്‍ എല്ലാവര്‍ക്കും മഹനീയ മാതൃക കാണിച്ചുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രതികരിച്ചു. ആരും നിയമത്തിന് മുകളിലല്ലെന്ന സന്ദേശമാണ് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഒരു മുതിര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ജഡ്ജിമാരുടേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും മറ്റു ഉന്നതരുടേയും വാഹനങ്ങളും വേഗ പരിധി ലംഘിക്കാറുണ്ടെന്നും ഇവരും പിഴയടക്കാറുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ പറഞ്ഞു.
 

Latest News