ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച ഒരു ദിവസത്തേക്ക് ബസ് കണ്ടക്ടറാകും. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുളള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനത്തിനായാണ് സിദ്ധരാമയ്യ കണ്ടക്ടറാകുന്നത്. കോണ്‍ഗ്രസ് നല്‍കിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ശനിയാഴ്ച നടപ്പിലാക്കുന്നത്. ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (ബി.എം.ടി.സി) റൂട്ട് നമ്പര്‍ 43 ബസിലാണ് കണ്ടക്ടറായി എത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ടിക്കറ്റ് നല്‍കുകയെന്ന് സിദ്ധരാമയ്യയുടെ ഓഫീസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വിധാന്‍ സൗധം വരയെുള്ള ബസ് സിറ്റിയിലെ മജസ്റ്റിക് ഏരിയയില്‍നിന്നാണ് പുറപ്പെടുക.ടിക്കറ്റ് വിതരണം ചെയ്യുന്ന സിദ്ധരാമയ്യ യാത്രക്കാരോട് വിവരങ്ങള്‍ ആരായുകയും ചെയ്യും. കൂടുതല്‍ സാധാരണക്കാരിലെത്താനാണ് കോണ്‍ഗ്രസ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.
കണ്ടക്ടറായി ടിക്കറ്റ് വിതരണം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാന്‍ സൗധത്തിനു സമീപം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് നല്‍കിയ മറ്റൊരു വാഗ്ദാനമായ പത്ത് കിലോ സൗജന്യ അരി വിതരണ പദ്ധതി ജൂലൈ ഒന്നിന് മൈസൂരുവില്‍ ഉദ്ഘാടനം ചെയ്യും.