ന്യൂദല്‍ഹി- ഗോ ഫസ്റ്റ് എയറിന്റെ ജൂണ്‍ 12 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. ജൂണ്‍ ഒ്ന്‍പത് വരെയുള്ള എല്ലാ സര്‍വീസുകളും നേരത്തെ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ജൂണ്‍ 12 വരെ ദീര്‍ഘിപ്പിച്ചത്.
യാത്രാ തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ മെയ് മൂന്നാം തിയ്യതിയാണ് ആദ്യമായി റദ്ദാക്കിയത്. മൂന്നു ദിവസത്തേക്ക് തീരുമാനിച്ച റദ്ദാക്കല്‍ പിന്നീട് തുടരുകയായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഗോ ഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍സില്‍ അയ്യായിരം ജീവനക്കാരാണുള്ളത്. എന്‍ജിനുകള്‍ വിതരണം ചെയ്യുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് പ്രധാനമായും പറയുന്ന കാരണം.