തിരുവനന്തപുരം - കടല്‍ ഇളകി വന്നിട്ടും കൊടുങ്കാറ്റ് വീശിയിട്ടും കോണ്‍ഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളും അതുപോലെ പരിഹരിക്കും. പാര്‍ട്ടിയിലെ പുന:സംഘടനയെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിലടക്കം പുനസംഘടന നടക്കുന്നത്. 85% പേരെയും അങ്ങനെയാണ് തീരുമാനിച്ചത്. ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. എം എം ഹസനെയെയും രമേശ് ചെന്നിത്തലയെയും ഇന്ന് നേരിട്ട് കാണും. ഇതുപോലെ ചര്‍ച്ച നടത്തിയ മറ്റൊരു പുനസംഘടന കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു.