അഗര്‍ത്തല- രാജ്യത്ത് വര്‍ധിച്ച ആള്‍ക്കൂട്ട കൊലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിനേയും വ്യാജവാര്‍ത്തകളേയും പഴിക്കുമ്പോള്‍ ത്രിപുരയില്‍ നാല് പേരുടെ കൊലയിലേക്ക് നയിച്ച വ്യാജ വാര്‍ത്തക്ക് അംഗീകാരം നല്‍കിയത് സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിയാണെന്ന് വാര്‍ത്തകളും ദൃശ്യങ്ങളും തെളിയിക്കുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ മുറിച്ചെടുത്ത് വില്‍ക്കുകയാണെന്ന പ്രചാരണമാണ് ത്രിപുരയില്‍ കഴിഞ്ഞയാഴ്ച നാല് പേരുടെ കൊലയില്‍ കലാശിച്ചത്. മഹാരാഷ്ട്രയില്‍നിന്നും ഗുജറാത്തില്‍നിന്നും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നു. വാട്‌സാപ്പിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ത്രിപുരയില്‍ 11 കാരന്റെ മൃതദേഹത്തിനു സമീപം വെച്ച് ഗ്രാമീണരുടെ രോഷത്തിനും കുടുംബാംഗങ്ങളുടെ ദുഃഖത്തിനുമിടയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് വ്യാജവാര്‍ത്ത ശരിവെച്ചിരുന്നത്. ജൂണ്‍ 26-നാണ് തലസ്ഥാനമായ അഗര്‍ത്തലയില്‍ 11 കാരനായ പൂര്‍ണ ബിസ്വാസിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ കാണപ്പെട്ട മുറിവ് ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ കിഡ്‌നി മുറിച്ചെടുത്തുവെന്ന പ്രചാരണം ഉടലെടുത്തത്. ഇക്കാര്യം പ്രാദേശിക പത്രത്തില്‍ വാര്‍ത്തയാകുകയും ചെയ്തു. പോലീസ് ഇക്കാര്യം നിഷേധിച്ചുവെങ്കിലും യാതൊരു അടിസ്ഥാനവുമില്ലാത്ത വാദം മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹത്തിനു പിറകില്‍ കിഡ്‌നി പുറത്തെടുത്ത മുറിവുകളുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നതെന്നും ഇത് ഭീകരവും ദാരുണവുമാണെന്നായിരുന്നു കുട്ടിയുടെ വീട്ടില്‍ ബന്ധുക്കളേയും ധാരാളം ഗ്രാമീണരേയും ചുറ്റും നിര്‍ത്തി മന്ത്രി പറഞ്ഞത്. ഇതിനുശേഷം 48 മണിക്കൂറിനകം കാട്ടുതീ പോലെ പടര്‍ന്ന അഭ്യൂഹങ്ങളാണ് നാല് പേരെ തല്ലിക്കൊല്ലുന്നതിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട നാലു പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബോധവല്‍കരണത്തിനായി സംസ്ഥാന പോലീസ് നിയോഗിച്ച കലാകാരന്‍ സുകന്ത ചക്രബര്‍ത്തിയുമുണ്ടായിരുന്നു. അവയവ വ്യാപാരത്തിനായി കുട്ടികളെ തേടിയിറങ്ങിയതാണെന്ന് ആരോപിച്ചായിരുന്നു സുകന്ത ചക്രബര്‍ത്തിയെ പിടികൂടി വിവസ്ത്രനാക്കി തല്ലിക്കൊന്നത്. വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്ന് ഉച്ചഭാഷണിയിലൂടെ ഉണര്‍ത്താന്‍ ഗ്രാമങ്ങള്‍ തോറും ഒരു പോലീസുകാരനോടൊപ്പമാണ് സുകന്ത ചക്രബര്‍ത്തി സഞ്ചരിച്ചിരുന്നത്. ജനക്കൂട്ടത്തെ തടയാനോ അദ്ദേഹത്തെ രക്ഷപ്പെടുത്താനോ പോലീസുകാരന് സാധിച്ചില്ല.
11 കാരന്റെ മൃതദേഹത്തില്‍ കിഡ്‌നിയും ലിവറും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് പോലീസ് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത അംഗീകരിച്ച മന്ത്രി രത്തന്‍ ലാല്‍ നാഥിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം ന്യായീകരിക്കുകയാണ് ചെയ്തത്. തനിക്കെതിരെ സി.പി.എം വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.
സംഘര്‍ഷ കലുഷിതമായ സാഹചര്യത്തിലാണ് താന്‍ സംഭവസ്ഥലത്ത് പോയതെന്നും അവിടെ രോഷാകുലയാരുന്ന ജനക്കൂട്ടവും കുടുംബക്കാരും പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രത്തന്‍ ലാല്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസുകാരനാണ് ഇദ്ദേഹം. നേരത്തെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു.