ബംഗളൂരു- കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ 34,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതു പ്രകാരം കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിള്ളും. ജെഡിഎസിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഉയര്‍ന്ന തുകയുടെ വായ്പകള്‍ എഴുതി തള്ളുന്നത് ശരിയായ നടപടിയല്ലെന്നും കുമാരസ്വാമി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തിരിച്ചടവു തെറ്റിയ 2017 ഡിസംബര്‍ 31 വരെയുള്ള കര്‍ഷക വായ്പകളാണ് എഴുതി തള്ളുകയെന്നും കുമാരസ്വാമി പറഞ്ഞു.
വായ്പ എടുത്ത് കൃത്യസമയത്തു തിരിച്ചടച്ച കര്‍ഷകര്‍ക്ക് 25000 രൂപ വരെ തിരികെ നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹകരണ മേഖലയിലെ ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങള്‍, കഴിഞ്ഞ മുന്ന് വര്‍ഷം വരുമാന നികുതി അടച്ച കര്‍ഷകര്‍ എന്നിവര്‍ക്ക് വായ്പാ എഴുതിത്തള്ളല്‍ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കില്ല.
വായ്പാ എഴുതിത്തള്ളല്‍ പദ്ധതി സര്‍ക്കാരിന് വന്‍ സാമ്പത്തിക ചെലവുണ്ടാക്കും. വരുമാനം വര്‍ധിപ്പിക്കാന്‍ പെട്രോളിനും ഡീസലിനും മദ്യത്തിനും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ലീറ്ററിന് 1.14 രൂപയും ഡീസലിന് 1.12 രൂപയും നികുതി വര്‍ധിപ്പിക്കും. എല്ലാത്തരം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ക്കും അധിക തീരുവയായി നാലു രൂപ വര്‍ധിപ്പിക്കും.