ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ആലോചന. അടുത്തിടെ ചേര്‍ന്ന ഡി.എം.കെ. ഉന്നതതലയോഗത്തില്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, മന്ത്രിയായി ഒരുവര്‍ഷംപോലും പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് മതിയെന്ന നിലപാടിലായിരുന്നു നേതൃത്വം. അധികം വൈകാതെ സ്ഥാനംനല്‍കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
നടന്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നെന്ന അഭ്യൂഹവും ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നേരത്തേയാക്കാന്‍ ഡി.എം.കെ. നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയ്ക്ക് യുവജനങ്ങളെയാകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതു പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ തലപ്പത്ത് യുവജനപ്രതിനിധിയായി ഉദയനിധി വരുന്നത് ഗുണകരമാകുമെന്നും ഡി.എം.കെ. നേതൃത്വം കണക്കുകൂട്ടുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഉദയനിധി സംസ്ഥാനപര്യടനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പ്രതിച്ഛായ ഉയര്‍ത്തുകയെന്ന ലക്ഷ്യംകൂടി ഈ പര്യടനത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതിനുശേഷമാണ് ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറി സ്ഥാനം ഉദയനിധിക്ക് നല്‍കിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. വിജയിച്ചതോടെ മന്ത്രിസഭയിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യം അവസരം ലഭിച്ചില്ല. ഒന്നരവര്‍ഷത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന് കായികമന്ത്രിസ്ഥാനം നല്‍കിയത്.