ആലപ്പുഴ - മാവേലിക്കര പുന്നമൂട്ടിൽ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ സഹോദരൻ വിഷ്ണു. മൂന്നുവർഷം മുമ്പ് പ്രതിയുടെ ഭാര്യയും തന്റെ സഹോദരിയുമായ വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമാണെന്ന് വിഷ്ണു പറഞ്ഞു.
വിദ്യയെ മാനസികമായും ശാരീരികമായും മഹേഷ് ഉപദ്രവിച്ചിരുന്നു. ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആ വഴിക്കു പോയില്ല. അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും പോലീസിനെ സമീപിക്കുമെന്നും വിഷ്ണു പറഞ്ഞു.
ഏകമകൾ നക്ഷത്രയെ കൂടാതെ മറ്റു രണ്ടുപേരെ കൂടി കൊല്ലാൻ മഹേഷ് പദ്ധതിയിട്ടതായാണ് വിവരം. മകളോടൊപ്പം വെട്ടിയ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവർ മഹേഷിന്റെ ഹിറ്റിലിസ്റ്റിലുള്ളവരാണെന്ന് പറയുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പോലീസ് ഉദ്യോഗസ്ഥയോടുള്ള പകയ്ക്ക് കാരണം. പ്രതിയുടെ സ്വഭാവദൂഷ്യമാണ് വിവാഹത്തിൽനിന്ന് പിന്മാറാൻ അവരെ പ്രേരിപ്പിച്ചത്. ഇതേ തുടർന്ന് പ്രതി ആകെ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് ആദ്യ കൊലയിൽ കലാശിച്ചതെന്നും പറയുന്നു.
കൊലപ്പെടുത്താനുള്ള മഴു ഉണ്ടായക്കിയതും ആസുത്രിതമാണ്. ആദ്യം ഓൺലൈനിൽ പരതിയെങ്കിലും പിന്നീട് പുന്നംമൂട് ചന്തയ്ക്ക് കിഴക്ക് ഭാഗത്തുള്ള ചെല്ലപ്പൻ എന്നയാളിനെ കൊണ്ടാണ് കൊല്ലാനുള്ള മഴു പണിയിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അമ്മയുടെ വസതിയായ പത്തിയൂർ തൃക്കാർത്തികയിൽ നടക്കും. മൂന്ന് വർഷം മുമ്പ് ജീവിതം അവസാനിപ്പിച്ച അമ്മ വിദ്യയെ അടക്കിയത് ഇവിടെയാണ്. അതിന് തൊട്ടടുത്താവും മകളുടെയും അന്ത്യവിശ്രമം. ഗൾഫിലുള്ള കുഞ്ഞിന്റെ അമ്മാവൻ ഇന്ന് നാട്ടിലെത്തുമെന്നും ശേഷം സംസ്‌കാരം നടക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ വല്യച്ഛൻ ലക്ഷ്മണനും അമ്മൂമ്മ രാജശ്രീയുമാണ് ഇവിടെ കഴിയുന്നത്.