സെഹോര്‍- മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ 52 മണിക്കൂര്‍ നീണ്ട കഠിനശ്രമത്തില്‍ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥരീകരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം.
സൃഷ്ടിയെന്ന രണ്ടര വയസ്സുകാരിക്കാണ് ദാരുണാന്ത്യം. മുംഗാവാലി ഗ്രാമത്തില്‍ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുഴല്‍ക്കിണറില്‍ വീണത്.
കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചതെങ്കിലും കുഴല്‍ക്കിണറില്‍ വെച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാന്‍ തുടങ്ങിയിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്!മോര്‍ട്ടത്തിന് അയച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീണ കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയൊണ് പുറത്തെടുത്തത്.
300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണു കുട്ടി വീണത്. 40 അടി താഴ്ചയുള്ള ഭാഗത്തു തങ്ങിനിന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു പതിച്ചു. ഇതോടെ പുറത്തെടുക്കുന്നതു ദുഷ്‌കരമായി.
വിപുലമായ സന്നാഹങ്ങളോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കുട്ടി 135 അടി താഴ്ചയിലേക്കു പതിച്ചു. സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും രക്ഷാപ്രവര്‍ത്തിനെത്തിയിരുന്നു.