ന്യൂദല്‍ഹി- ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളോട് കാനഡ പുലര്‍ത്തുന്ന സ്വതന്ത്ര നിലപാടിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കാനഡ ഇടം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകദൃശ്യങ്ങള്‍ പുന:സൃഷ്ടിച്ചു ഖാലിസ്ഥാന്‍ വാദികള്‍ ചിത്രീകരിക്കുന്ന പരേഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാനഡയുടെ ഖാലിസ്ഥാന്‍ അനുകൂല നിലപാടിനെതിരെ പ്രതികരിച്ച് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തിയത്.
ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയത് ചിത്രീകരിക്കുന്ന ഫ്ലോട്ട് കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. കാനഡയിലെ ബ്രാംപ്ടണില്‍ ഖാലിസ്ഥാനി അനുകൂലികള്‍ നടത്തിയ അഞ്ച് കിലോമീറ്റര്‍ പരേഡിന്റെ ഭാഗമായിരുന്നു ഫ്ലോട്ട്.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 39-ാം വാര്‍ഷികമായ ജൂണ്‍ ആറിന് മുമ്പായി ജൂണ്‍ നാലിന് ഖാലിസ്ഥാന്‍ അനുകൂലികള്‍ ബ്രാംപ്ടണില്‍ നടത്തിയ പരേഡില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്.