തിരുവനന്തപുരം - കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുത്ത് അത് വേഗത്തില്‍ തീര്‍പ്പാക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ അവലോകനം നടക്കുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ അവലോകനയോഗം കഴിഞ്ഞദിവസം നടന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളുടേത് അടുത്തയാഴ്ചയും മറ്റു ജില്ലകളുടേത് തുടര്‍ ദിവസങ്ങളിലും ചേരും. സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം തുടങ്ങി ഓരോ വിഭാഗത്തിലും എത്ര കേസുകള്‍ അവശേഷിക്കുന്നുവെന്ന് അവലോകനത്തിലൂടെ കണ്ടെത്തും. ചുരുക്കം കേസുകളേ അവശേഷിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നുമാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഓരോ കേസിലും പരമാവധി വേഗം പ്രതികളെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എ ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുകളുടെ എണ്ണത്തില്‍ സാമ്പത്തിക തട്ടിപ്പുകളാണ് മുമ്പില്‍. ഒരുകേസില്‍ തന്നെ നിരവധിയാളുകള്‍ പരാതിയുമായെത്തുന്നതാണ് എണ്ണത്തിലെ വര്‍ധനവിന് കാരണം. വലിയ തട്ടിപ്പുകേസുകളിലെ അന്വേഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുമെന്ന് എ ഡി ജി പി എച്ച് വെങ്കിടേഷ് പറഞ്ഞു.