പുനെ- പൂനെയിലെ മയീര്‍സ് എം.ഐ.ടി സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ അടിവസ്ത്ര യുനിഫോം രക്ഷിതാക്കളുടെ വ്യാപക എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കിയതോടെ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളയോ തൊലിനിറമുള്ളതോ ആയ അടിവസ്ത്രങ്ങള്‍ മാത്രമെ ധരിക്കാവൂ എന്നാണ് പെണ്‍കുട്ടികളോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ ധരിക്കുന്ന പാവാടയുടെ ഇറക്കം എത്രയായിരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഡയറികളില്‍ എഴുതിയാണ് രക്ഷിതാക്കളെ അറിയിച്ചത്. ഡയറിയില്‍ ഒപ്പിടാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
ഇതിനു പുറമെ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും സ്‌കൂള്‍ അധികൃതര്‍ നിശ്ചിയിച്ചിട്ടുണ്ട്. ഈ സമയത്തല്ലാതെ ശുചിമുറി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ 'സുരക്ഷ' മുന്‍നിര്‍ത്തിയാണ് ഈ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഇതു പിന്‍വലിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിശദമായി അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായാല്‍ സ്‌കൂളിനെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ പറഞ്ഞു.
ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ അല്ലാതെ മറ്റു ഉദ്ദേശങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ തങ്ങളെ സമീപിച്ച് പരിഹാരം കണ്ടെത്താമെന്നും എം.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുചിത്ര കരാഡ് നാഗരെ പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ പുതിയ ചട്ടങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബുധനാഴ്ച സ്‌കൂളിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതിയുമായി ഇവര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
ഈ സ്‌കൂളിലെ അസാധാരണ ഫീസുകളെ കുറിച്ചും രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. സൈക്കിള്‍ പാര്‍ക്കിങിന് വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം 1500 രൂപ ഫീസ് അടക്കണമെന്നാണ് ഇവിടുത്തെ മറ്റൊരു ചട്ടം. സകൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനും വിദ്യാര്‍ത്ഥികളെ ഇവര്‍ നിര്‍ബന്ധിപ്പിക്കുന്നു. സംഭാവന ചെയ്യുന്നവര്‍ക്ക് ലൈബ്രറി സൗജന്യമായി ഉപേയാഗിക്കാം. അല്ലാത്തവര്‍ 500 രൂപ ഡെപോസിറ്റ് ആയി നല്‍കുകയും പ്രതിമാസം 100 രൂപ വീതം ഫീസ് അടക്കുകയും ചെയ്താലെ ലൈബ്രറി ഉപയോഗിക്കാനാകൂ.