Sorry, you need to enable JavaScript to visit this website.

അഭിമന്യൂ വധം: പ്രധാന പ്രതികള്‍ പിടിയില്‍; യുഎപിഎ ചുമത്തിയേക്കും

കൊച്ചി- എറണാകുളം മഹാരാജാസ് കോളെജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടിയതായി പോലീസ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ ഭീകരതാ വിരുദ്ധ നിയമമായ യുഎപിഎ ചുമത്താനും നീക്കമുണ്ട്. ഇതു സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

അതിനിടെ, തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി ജി ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യൂ വധവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിലെ പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. അഭിമന്യൂ വധത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 138 പേരെ അഭിമന്യൂ വധക്കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

ഇതുവരെ പോലീസ് നാലു എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം 12 പേര്‍ കോളെജി പരിസരത്തുണ്ടായിരുന്നതായി സമീപത്തെ സിസിടിവി ക്യമാറാ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ പ്രതികളായ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥികളായ അറസ്റ്റിലായ പ്രതി ഫാറൂഖ്, ഒളിവില്‍ പോയ എ.ഐ മുഹമ്മദ് എന്നിവരെ കോളെഡ് സസ്‌പെന്‍ഡ് ചെയ്തു.
 

Latest News