കൊച്ചി- മയക്കുമരുന്നുപയോഗിക്കുന്ന സിനിമാ താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ നടന്‍ ടിനി ടോമിനെ ചോദ്യം ചെയ്യണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. മയക്കുമരുന്നുപയോഗത്തെ തുടര്‍ന്ന് ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്ന് പറഞ്ഞ ടിനി ടോം എക്സൈസിന്റെയും പോലീസിന്റെ യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെയും ബ്രാന്‍ഡ് അംബാസഡറാണെന്നിരിക്കെ എന്തുകൊണ്ടാണ് ടിനി ടോമിന്റെ മൊഴിയെടുക്കാത്തതെന്ന് ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ടിനി ടോം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും എക്സൈസ് ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയുടെ മുറി റെയ്ഡ് ചെയ്യാന്‍ തിരുവനന്തപുരത്തുനിന്നു വന്ന ഒരു സംഘം എത്ര പണം അവര്‍ ഇതിനായി ചെലവഴിച്ചു. ഇത് നികുതിപ്പണമല്ലേ. ഈ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി എടുക്കുന്നില്ല. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്ന് ബ്രാന്‍ഡ് അംബാസിഡറോട് എക്സൈസ് വകുപ്പ് ചോദിച്ചറിഞ്ഞ് നടപടി എടുക്കേണ്ടതല്ലേ. അതെന്താണ് ചെയ്യാത്തത്. ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി. ഉണ്ണികൃഷ്ണന്‍.