Sorry, you need to enable JavaScript to visit this website.

ടിപ്പുവിന്റെ ചിത്രം വെച്ച് ഭീഷണി സന്ദേശം പ്രചരിപ്പിച്ചത് കോളേജ് വിദ്യാര്‍ഥികള്‍; അഞ്ച് പേര്‍ അറസ്റ്റില്‍

പൂനെ-മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനു കാരണമായ സോഷ്യല്‍ മീഡിയ സ്റ്റാറ്റസിനും സന്ദേശങ്ങള്‍ക്കും പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെന്ന് പോലീസ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ ചിത്രം വെച്ചു കൊണ്ടാണ് ഭീഷണി പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.
അറസ്റ്റിലായ അഞ്ചുപേരും കോളേജില്‍ പഠിക്കുന്ന കുട്ടികളാണ്. ഇവരെ ആരാണ് ഇതിന് പ്രേരിപ്പിച്ചതെന്നറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ടിപ്പു സുല്‍ത്താന്റെ ചിത്രവും ഓഡിയോ സന്ദേശവും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി സൂക്ഷിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ നഗരത്തില്‍ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു.
ആക്ഷേപകരമായ പോസ്റ്റുകളുടെ പേരില്‍ പോലീസ് രണ്ട് കേസുകള്‍ ഫയല്‍ ചെയ്യുകയും അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ യുവാക്കളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരും കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികളുമാണ്. അവര്‍ ആരുമായാണ് ബന്ധപ്പെട്ടതെന്നും ആരാണ് ഇത്തരമൊരു സ്റ്റാറ്റസിടാന്‍ പ്രേരിപ്പിച്ചതെന്നും കണ്ടെത്തുമെന്ന് കോലാപൂര്‍ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
അറസറ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് പകര്‍ത്തി സ്വന്തം അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ചുവെന്നാണ് അഞ്ച് പേരും നല്‍കിയ പ്രാഥമിക വിവരം. ഇവര്‍ ഇന്റര്‍നെറ്റില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോസ്റ്റുകളുടെ പേരില്‍ ചിലര്‍ പോലീസിനെ സമീപിച്ചതോടെ കസ്റ്റഡിയിലെടുത്ത കോളേജ് വിദ്യാര്‍ഥികള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് വീഡിയോകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ആപ്പും ഡാറ്റയും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ശിവാജി ചൗക്കില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 300-400 പേര്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് 36 പേരെ പിടികൂടിയിട്ടുണ്ട്. മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരും കസ്റ്റഡിയിലാണെന്ന് എസ്പി പറഞ്ഞു.
കല്ലേറ് നടത്തിയവരെ  തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ക്ലിപ്പുകള്‍ പരിശോധിച്ചു വരികയാണെന്നും പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ നടപടിയായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധം വെള്ളിയാഴ്ച വൈകിട്ട് വരെ തുടരുമെന്നും എസ്.പി അറിയിച്ചു.
വാഡംഗേ ഗ്രാമത്തില്‍ നടന്ന കല്ലേറിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ബുധനാഴ്ച രാത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പണ്ഡിറ്റ് പറഞ്ഞു.

 

 

Latest News