ഭോപ്പാൽ- മധ്യപ്രദേശിൽ മുന്നൂറ് അടി താഴ്ചയുള്ള കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസുള്ള കുഞ്ഞു മരിച്ചു. മൂന്നു ദിവസമാണ് കുഞ്ഞ് കുഴൽ കിണറിൽ കുടുങ്ങിക്കിടന്നത്. കുഞ്ഞിന് ഇന്ന് കിണറിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷിക്കാനായില്ല. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെഹോറിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംഗാവലി ഗ്രാമത്തിലെ കുഴൽക്കിണറിൽ സൃഷ്ടി എന്ന പെൺകുട്ടി വീണത്. വ്യാഴാഴ്ച വൈകുന്നേരം 5.30 ന് അവളെ പുറത്തെടുത്തു.
ആദ്യം കുഴൽക്കിണറിൽ 40 അടിയോളം താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. എന്നാൽ യന്ത്രത്തിന്റെ പ്രകമ്പനം കാരണം കുട്ടി വീണ്ടും നൂറ് അടി താഴ്ച്ചയിലേക്ക് വീണു. ഇത് ദൗത്യം കൂടുതൽ ദുഷ്‌കരമാക്കിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻ.ഡി.ആർ.എഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്പോൺസ് ഫോഴ്സ് (എസ്.ഡി.ഇ.ആർ.എഫ്) എന്നിവയ്ക്കൊപ്പം സൈന്യവും റോബോട്ടിക് വിദഗ്ധരുടെ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.