ന്യൂദൽഹി- കാത്തുകാത്തിരുന്ന് ഒടുവിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് ഇന്ത്യയിൽ എത്തി. കേരളത്തിൽ സാധാരണയേക്കാൾ ഒരാഴ്ച വൈകിയാണ് കാലവർഷം എത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 'ബൈപാർജോയ്' ചുഴലിക്കാറ്റ് മൺസൂണിന്റെ തീവ്രതയെ സ്വാധീനിക്കുന്നുണ്ടെന്നും കേരളത്തിൽ കാലവർഷത്തിന്റെ വരവ് മിതമായ രീതിയിൽ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് (ജൂൺ 8 ന്) കേരളത്തിൽ ആരംഭിച്ചിരിക്കുന്നുവെന്ന് ഐ.എം.ഡി പറഞ്ഞു.
തെക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് പ്രദേശം മുഴുവനായും കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും തെക്കൻ തമിഴ്നാടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കൊമോറിൻ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിലും മാന്നാർ ഉൾക്കടലിലും മറ്റു ചില ഭാഗങ്ങളിലും കാലവർഷം എത്തിയെന്നും പ്രസ്താവനയിലുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ ആരംഭിക്കാറുള്ളത്. ജൂൺ 7 ന് കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന് സ്‌കൈമെറ്റ് പ്രവചിച്ചിരുന്നു. കഴിഞ്ഞ 150 വർഷമായി, കേരളത്തിൽ മൺസൂൺ ആരംഭിക്കുന്ന തീയതി ഓരോ വർഷവും വ്യത്യാസപ്പെടാറുണ്ട്. 1918 ൽ മെയ് 11 നും 1972 ജൂൺ 18 നും കേരളത്തിൽ കാലവർഷം തുടങ്ങിയത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ കഴിഞ്ഞ വർഷം മെയ് 29 നും 2021 ജൂൺ 3 നും 2020 ജൂൺ 1 നും 2019 ജൂൺ 8 നും 2018 മെയ് 29 നുമാണ് കേരളത്തിൽ എത്തിയത്. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസം പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മുംബൈയിലും കാലവർഷം എത്തുന്നതിനെ ബാധിക്കാറുണ്ട്.