വാഷിംഗ്ടണ്‍ ഡിസി- യു. എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബംഗ അധികാരമേറ്റതിന് ശേഷം ഔദ്യോഗികമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
ദാരിദ്ര്യം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനും നയപരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലോകബാങ്ക് ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ കമലാ ഹാരിസ് ഉറപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, സംഘര്‍ഷം തുടങ്ങി ആഗോള വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശേഷി ഉള്‍പ്പെടുത്തുന്നതിനുള്ള ദൗത്യം വിപുലീകരിക്കുന്നതുള്‍പ്പെടെ ലോകബാങ്കിനെ വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വൈസ് പ്രസിഡന്റ് എടുത്തു പറഞ്ഞു.