Sorry, you need to enable JavaScript to visit this website.

പികെ ശശിക്കെതിരെ പാര്‍ട്ടി സി.പി.എം  യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പാലക്കാട്- വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വിഭാഗീയ പ്രവര്‍ത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തില്‍ താക്കീത് നല്‍കി. വിഭാഗീയത രൂക്ഷമായ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പികെ ശശിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പി.കെ ശശിക്കെതിരെ പാര്‍ട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ചെര്‍പ്പുളശ്ശേരി, പുതുശ്ശേരി, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളുടെ കാര്യവും ചര്‍ച്ചയായി. നേരത്തെ ജില്ലയിലെ ' വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികള്‍ക്കെതിരെയുള്ള നടപടി.

Latest News