കൊച്ചി - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതിയായ കാസ്ര#കോട് സ്വദേശിനി കെ.വിദ്യ കൂടുതല്‍ കുരുക്കിലേക്ക്. വിദ്യ നേരത്തെ ജോലി ചെയ്തിരുന്ന കാസര്‍കോട്ടെ കരിന്തളം കോളേജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും എറണാകുളം സെന്‍ട്രല്‍ പോലീസ് പരിശോധിക്കും. ഇതും വ്യാജ രേഖയാണെന്ന വിലയിരുത്തലില്‍ കാസര്‍കോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഇതിനിടെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ഡോ.ബിച്ചു എക്സ്മലയില്‍ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് അദ്ദേഹം കാലടി സര്‍വകലാശാലയെ അറിയിച്ചു. കാലടി സര്‍വകലാശാലയില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിനിയാണ് വിദ്യ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചര്‍ നിയമനം നേടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിനിയായ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്.