മുംബൈ- മഹരാഷ്ട്രയില്‍ സര്‍ക്കാര്‍ ഹോസ്റ്റല്‍ മുറിയില്‍ 18 കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏകാംഗ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴുത്തില്‍ ദുപ്പട്ട കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചാര്‍ണി റോഡ് ഏരിയയിലെ സാവിത്രിഭായ് ഫൂലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.
പ്രതി പിന്നീട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.നിപുണ്‍ വിനായകാണ് സംഭവം അന്വേഷിക്കുകയെന്ന് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഡിവിഷണല്‍ ജോയിന്റ് ഡയറക്ടറും ഡോ.നിപുണ്‍ വിനായകനെ സഹായിക്കും. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.