ന്യൂദല്‍ഹി- റസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ ജൂണ്‍ 15 വരെ പ്രതിഷേധം നിര്‍ത്തിവെക്കാന്‍ സര്‍ക്കാറിനോട് സമ്മതമറിയിച്ച് ഗുസ്തി താരങ്ങള്‍. പോലീസ് അന്വേഷണം 15നകം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
കായിക മന്ത്രി അനുരാഗ് താക്കൂറുമായി അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് ഗുസ്തി താരങ്ങള്‍ നടത്തിയത്. തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആറുകള്‍ പോലീസ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും ഗുസ്തി താരങ്ങള്‍ അറിയിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിലേക്ക് ഗുസ്തി താരങ്ങള്‍ പ്രതിഷേധ സൂചകമായി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് ക്രമസമാധാന ലംഘനത്തിന് പോലീസ് കേസെടുത്തത്.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ഭര്‍ത്താവ് സത്യവര്‍ത് കഡിയന്‍, ജിതേന്ദര്‍ കിന്‍ഹ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ വിനേഷ് ഫോഗട്ട് യോഗത്തില്‍ പങ്കെടുത്തില്ല.
ജൂണ്‍ 15-നകം പോലീസ് അന്വേഷണം പൂര്‍ത്തിയാകുമെന്നും അതുവരെ കാത്തിരിക്കാനും പ്രതിഷേധം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനുമാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സാക്ഷി മാലിക് പറഞ്ഞു. മെയ് 28ന് ഗുസ്തി താരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ ദല്‍ഹി പോലീസ് പിന്‍വലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രക്ഷോഭം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ജൂണ്‍ 15 വരെ മാത്രമാണ് തങ്ങളുടെ പ്രതിഷേധം നിര്‍ത്തിവച്ചതെന്നും മാലിക്കും പുനിയയും വിശദീകരിച്ചു.
ജൂണ്‍ 30നം റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് നടക്കുമെന്ന് അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണവും പ്രതിഷേധവും കായിക ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖം രക്ഷിക്കാനും പ്രതിസന്ധി മറികടക്കാനുമാണ് അനുരാഗ് താക്കൂര്‍ ഗുസ്തി താരങ്ങളുമായി നിര്‍ണായക യോഗം നടത്തിയത്.