ലഖ്നൗ- ഉത്തര്‍പ്രദേശിലെ കോടതി മുറിക്കുള്ളില്‍ ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്നു. ബി. ജെ. പി നേതാവും യു. പിയിലെ മുന്‍ മന്ത്രിയുമായ ബ്രഹ്മദത്ത് ദ്വിവേദിയെ വധിച്ച കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ സഞ്ജീവ് ജീവയാണ് കോടതിയില്‍ വെടിയേറ്റു മരിച്ചത്.
ബി. ജെ. പി നേതാവിനെ വധിച്ച കേസിന്റെ വിചാരണയ്ക്ക് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. കോടതി മുറിക്കുള്ളില്‍ തന്നെയായിരുന്നു ആക്രമണം. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. പോലീസുകാരനും പെണ്‍കുട്ടിയുമാണ് വെടിയേറ്റ മറ്റു രണ്ടുപേര്‍.
അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമികള്‍ ജീവയ്ക്ക് നേരെ നിരവധി തവണ നിറയൊഴിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബ്രഹ്മദത്ത് ദ്വിവേദിയെ 1997ലാണ് ഫറൂഖാബാദ് ജില്ലയില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.