സെലായര്‍- ഇന്തോനേഷ്യയില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 190 യാത്രക്കാരുണ്ടായിരുന്ന കടത്തുബോട്ടിന്റെ ഒരു വശം തകര്‍ന്നതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സെലായര്‍ ദ്വീപിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ സുലവേസിയുടെ സമീപത്താണ് സെലായര്‍.
കെ.എം. ലെസ്റ്റാറി ബോട്ടില്‍ ആളുകള്‍ പടിച്ചുതൂങ്ങുന്നതും മറ്റു ചിലര്‍ വെള്ളത്തില്‍ സഹായത്തിനായി കാത്തുനില്‍ക്കുന്നതുമായിരുന്നു ദൃശ്യങ്ങള്‍. 34 പേര്‍ മരിച്ചതായും 155 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മോശം കാലാവസ്ഥ കാരണം വലിയ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും എത്താന്‍ കഴിയാത്തതിനാല്‍ ചെറിയ ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കിയതാണ് കൂടുതല്‍ പേരേയും രക്ഷപ്പെടുത്താന്‍ സഹായകമായത്. ക്യാപ്റ്റനും ഉടമയുമാണ് ഏറ്റവും ഒടുവില്‍ ബോട്ടില്‍നിന്ന് പുറത്തു വന്നതെന്ന് ഗതാഗത മന്ത്രാലയ ഡയരക്ടര്‍ ആഗസ് എച്ച് പുര്‍ണാമോ പറഞ്ഞു. 48 മീറ്റര്‍ നീളുമുള്ള ബോട്ട് സുലവേസിയില്‍നിന്ന് സെലായര്‍ ദ്വീപിലേക്ക് വരുമ്പോഴാണ് വന്‍ തിരമാലകളില്‍ ഒരു വശം തകര്‍ന്ന് വെള്ളം കയറിത്തുടങ്ങിയത്. ആളപായം കുറക്കുകയെന്ന ലക്ഷ്യത്തോടെ ക്യാപ്റ്റന്‍ ബോട്ട് തീരത്തേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടമെങ്കിലും ബുധനാഴ്ച രാവിലെയാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായത്.