കോഴിക്കോട് - ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനി യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തിയ്യതി സൗജന്യമായി പുതുക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കിയത്.
നേരത്തെയെടുത്ത ടിക്കറ്റനുസരിച്ച് യാത്ര ചെയ്യാൻ സാധിക്കാതെ വരുന്നവർക്ക് ഇതനുസരിച്ച് സൗകര്യപ്രദമായ തിയ്യതിയിലേക്ക് യാത്രാസമയം പുനക്രമീകരിക്കാനാവും. ഇതിന് പ്രത്യേക ഫീസോ ചാർജോ നൽകേണ്ടതില്ലെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.
മുൻകൂട്ടി ബുക്ക് ചെയ്തവർ യാത്രാ സംബന്ധമായ അസൗകര്യങ്ങളുണ്ടാകുമ്പോൾ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു പതിവ്. അങ്ങനെ വരുമ്പോഴുണ്ടായിരുന്ന സാമ്പത്തിക നഷ്ടം പുതിയ ടിക്കറ്റ് മാറ്റത്തിലൂടെ ഉണ്ടാവില്ലെന്നതാണ് ഇതിന്റെ നേട്ടം. ടിക്കറ്റ് ക്യാൻസലേഷൻ നടത്താതെ തന്നെ ടിക്കറ്റിന്റെ യാത്രാസമയം പരിഷ്‌കരിക്കാനുള്ള ഓപ്ഷനാണ് പുതുതായി റെയിൽവേ നൽകുന്നത്. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന്റെ ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ യാത്രക്കാരന്റെ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്താൽ മതിയാകും.
ഒരിക്കൽ ടിക്കറ്റ് സമർപ്പിച്ചാൽ, ഒരു പുതിയ യാത്രാ തിയ്യതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരന് ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും അവസരമുണ്ട്. തിയ്യതി മാറ്റത്തിന് അധിക നിരക്ക് ഈടാക്കില്ലെങ്കിലും ക്ലാസ് മാറ്റത്തിന് ചാർജ് ഈടാക്കും. ദിവസവും ദശലക്ഷക്കണക്കിന് പേർ ആശ്രയിക്കുന്ന റെയിൽവേയുടെ പുതിയ തീരുമാനം ഏറെ ആശ്വാസകരമാണെന്നാണ് പൊതുവേയുള്ള പ്രതികരണം.