കൊച്ചി - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ച്വര്‍ ജോലിക്ക് ശ്രമിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിനി കാസര്‍കോട് സ്വദേശിനി കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, സംഭവത്തില്‍ ഗവര്‍ണര്‍ക്കും ഡിജിപിക്കും കെ എസ് യു പരാതി നല്‍കി.
മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോള്‍, സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യ കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.