ലണ്ടന്‍- ചൈനീസ് നിര്‍മ്മിത സെക്യൂരിറ്റി ക്യാമറകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ചെലവേറി. സെന്‍സിറ്റീവ് സൈറ്റുകളില്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിക്കരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലുള്ള ഉപകരണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ കോര്‍ നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
യു.കെക്ക് എതിരെ ഭീഷണി വര്‍ധിച്ചു വരികയാണ്. ഇത്തരം സിസ്റ്റങ്ങള്‍ അനുദിനം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചൈനയുടെ ദേശീയ രഹസ്യാന്വേഷണ നിയമത്തിന് വിധേയമായി കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളാണ് ഇവ. അതിനാല്‍ ഇത്തരം നിയന്ത്രണം അനിവാര്യമാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഇവ ഭീഷണിയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.