ബംഗളൂരു- ബീദറിലെ ഹജ്‌നാല്‍ ഗ്രാമത്തില്‍ താമസിക്കുന്ന അറുപതുകാരിയായ ശാന്തമ്മ മുലാഗെ ജൂണ്‍ 11 ആകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആ ദിവസം മുതല്‍, അവര്‍ക്ക് ബസ് ടിക്കറ്റിന് പണം നല്‍കേണ്ടതില്ല, സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പുനല്‍കുന്ന ശക്തി പദ്ധതി നടപ്പിലാകുന്നത് അന്നാണ്.
ബീദറിലെ കര്‍ഷക വനിതാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായ ശാന്തമ്മ മുളഗെ ബസ് ടിക്കറ്റിനായി പ്രതിമാസം 400 രൂപയാണ് ചെലവഴിക്കുന്നത്. മാസത്തില്‍ മൂന്നോ നാലോ തവണയെങ്കിലും ഭാല്‍ക്കിയിലെ തഹസില്‍ദാര്‍ ഓഫീസില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സിയുടെ 'കെമ്പു' (ചുവപ്പ്) ബസിലാണ് മുലഗെ പോകുന്നത്.
ലാഭിക്കുന്ന പണം കൊണ്ട് ശാന്തമ്മ മുളഗെ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
'ലാഭിക്കുന്ന പണം കൊണ്ട് ഞാന്‍ എന്റെ കുടുംബത്തിന് പാല്‍ വാങ്ങും, അല്ലെങ്കില്‍ എനിക്കായി ഒരു സാരി വാങ്ങും,' ശാന്തമ്മ പറഞ്ഞു.
'ഞാന്‍ ഇപ്പോള്‍ ഒരു മുതിര്‍ന്ന പൗരയായതിനാല്‍, എനിക്ക് ഇളവ് ലഭിക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് 28 മുതല്‍ 30 രൂപ വരെയാണ്. ബസ് ചാര്‍ജിനായി ഞാന്‍ 60 രൂപ ചെലവഴിക്കുന്നു. എന്നാല്‍ സാധാരണ ടിക്കറ്റ് നിരക്ക് 42 രൂപയാണ്. നേരത്തെ ബസ് ടിക്കറ്റിനായി ദിവസവും 84 രൂപയാണ് ചിലവഴിച്ചുവന്നത്. -അവര്‍ പറഞ്ഞു.
വൈശാലിയുടെ കഥ
സ്ത്രീ ജാഗ്രത സമിതിയുടെയും ബെലഗാവിയിലെ ഗാര്‍ഹിക തൊഴിലാളി അവകാശ യൂണിയന്റെയും പ്രതിനിധിയായ വൈശാലി എസ് കമ്മാറിന് സൗജന്യ ബസ് യാത്ര എന്നത് തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസ പരിശീലനമാണ്.
സ്ത്രീകള്‍, കൂടുതലും വീട്ടുജോലിക്കാര്‍ അവരുടെ റേഷന്‍ കാര്‍ഡുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, കുട്ടികളുടെ സ്‌കോളര്‍ഷിപ്പുകള്‍, പെന്‍ഷനുകള്‍ തുടങ്ങിയവക്കായി എല്ലാ ദിവസവും വൈശാലി കമ്മാരനെ സമീപിക്കുന്നു. താലൂക്ക് ഓഫീസ്, തഹസില്‍ദാര്‍ ഓഫീസ്, നെമ്മാടി കേന്ദ്രം, എല്ലാം ഗ്രാമത്തില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി നഗരത്തിലാണ്. സര്‍ക്കാര്‍ ബസുകളാണ് വൈശാലിയുടെ സ്ഥിരം ആശ്രയം.
ടിക്കറ്റ് നിരക്കില്‍ തുച്ഛമായ കിഴിവ് ലഭിക്കാന്‍ വൈശാലി കമ്മാറിന് ഒരു ട്രാവല്‍ കാര്‍ഡ് ഉണ്ട്, പക്ഷേ അത് പതിവായി റീചാര്‍ജ് ചെയ്യേണ്ടതുണ്ട്.
'വ്യത്യസ്ത ഓഫീസുകളിലേക്കുള്ള എന്റെ യാത്രക്ക് പ്രതിദിനം 100 മുതല്‍ 150 രൂപ വരെ ഉപയോഗിക്കുന്നു. പ്രതിമാസം ഏകദേശം 2,000 രൂപ ബസ് യാത്രക്കായി ഞാന്‍ ചെലവഴിക്കുന്നു,' വൈശാലി പറഞ്ഞു.
'എന്റെ ട്രാവല്‍ കാര്‍ഡില്‍ ഇപ്പോഴും 250 രൂപ ഉണ്ട്, ഞാന്‍ അത് വേഗത്തില്‍ ഉപയോഗിക്കുകയും ജൂണ്‍ 11 നകം പൂര്‍ത്തിയാക്കുകയും ചെയ്യും, അടുത്ത തവണ മുതല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുകയുമില്ല. സൗജന്യ ബസ് യാത്രയിലൂടെ 2000 രൂപ ലാഭിക്കാന്‍ കഴിഞ്ഞാല്‍, അത് എന്റെ കുട്ടികളുടെ ട്യൂഷനുകള്‍ പോലെയുള്ള ചില കുടുംബ ചെലവുകള്‍ക്കായി ഉപയോഗിക്കാം- വൈശാലി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍
കോണ്‍ഗ്രസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച അഞ്ച് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ സാമ്പത്തിക ചിലവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, അത്തരം പദ്ധതികളുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഫലങ്ങളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ചര്‍ച്ച നടക്കുന്നുള്ളു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പൗരാവകാശ പ്രവര്‍ത്തകരും പ്രശംസിച്ചു.
'സൗജന്യ സംസ്‌ക്കാരം' എന്ന് ഇതിനെ ആക്ഷേപിക്കുന്നവരുമുണ്ട്. എങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുളള ഒരു തന്ത്രമായിട്ടാണ് ഇതിനെ കാണുന്നതെങ്കിലും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒരു മാസ്റ്റര്‍സ്‌ട്രോക്കായിട്ടാണ് പ്രവര്‍ത്തകര്‍ കാണുന്നത്.
തൊഴില്‍ ശക്തിയില്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഈ പദ്ധതി സ്ത്രീകളെ പ്രത്യേകിച്ചും ശാക്തീകരിക്കുമെന്ന് അവര്‍ പറയുന്നു.
'ഞങ്ങളുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തില്‍ നിന്നുള്ളവര്‍ക്ക് അവരുടെ ജോലിസ്ഥലത്തേക്കുള്ള യാത്രാമാര്‍ഗത്തിനായി പ്രതിദിനം 10-20 രൂപ മാത്രമേ താങ്ങാനാവൂ, അത്തരം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലെ സൗജന്യ യാത്ര ഒരു അനുഗ്രഹമായിരിക്കും, അവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യാനും കൂടുതല്‍ ശമ്പളം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും അവസരങ്ങള്‍ തുറക്കും- അവര്‍ ചൂണ്ടിക്കാട്ടി.
ഇതുവരെ കാല്‍നടയായോ ഷെയര്‍ ഓട്ടോ പോലുള്ള മറ്റ് ഗതാഗത മാര്‍ഗങ്ങളോ ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകള്‍ക്ക് ഇനി ബസുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഷാസ അഭിപ്രായപ്പെട്ടു.
ഈ നീക്കം പാവപ്പെട്ടവരുടെ കുടുംബ വരുമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കരിയറിന്റെ ആദ്യ വര്‍ഷങ്ങളിലെ യുവതികള്‍ക്ക്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പോലും, ഈ പദ്ധതി വലിയ ആശ്വാസമാകും. 'അവര്‍ക്ക് പ്രതിമാസം 1,000 രൂപ ലാഭിക്കാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് അത് കൂടുതല്‍ ഭക്ഷണത്തിനായി ചെലവഴിക്കാം, അല്ലെങ്കില്‍ അവരുടെ വീട് അല്‍പ്പം മെച്ചപ്പെടുത്താം, അല്ലെങ്കില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങാം, അല്ലെങ്കില്‍ ചില അധിക ട്യൂഷനുകള്‍ അല്ലെങ്കില്‍ പഠന അവസരങ്ങള്‍ നേടാം. ഇത് അവരുടെ ജീവിതത്തെ വളരെയധികം സുഗമമാക്കുകയും കൂടുതല്‍ അവസരങ്ങളിലേക്ക് എത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും- ഷാസ കൂട്ടിച്ചേര്‍ത്തു.