ഇസ്‌ലാമാബാദ്- പാക്കിസ്ഥാനിലെ മാധ്യമങ്ങളില്‍നിന്ന്് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പേരും ചിത്രങ്ങളും അപ്രത്യക്ഷമാകുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മുഖ്യധാര മാധ്യമങ്ങള്‍ ഖാനെ തമസ്‌കരിക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ഖാന്‍ പതുക്കെ മാധ്യമ വിസ്മൃതിയിലാകുന്ന കാര്യം കണ്ടെത്തിയത്.
അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഖാന്റെ അനുയായികള്‍ രാജ്യത്തുടനീളം കലാപമഴിച്ചുവിട്ടിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
പാകിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (പി.ഇ.എം.ആര്‍.എ) രാജ്യത്ത് ടെലിവിഷന്‍ ലൈസന്‍സുകള്‍ നല്‍കുന്നത്. 'വിദ്വേഷം പടര്‍ത്തുന്നവര്‍, കലാപകാരികള്‍, അവരെ സഹായിക്കുന്നവര്‍, കുറ്റവാളികള്‍ എന്നിവരെ' 'മാധ്യമങ്ങളില്‍നിന്ന് പൂര്‍ണമായി തമസ്‌കരിക്കാനാണ് ഇവര്‍ നിര്‍ദേശം നല്‍കിയത്. ഇംറാന്‍ ഖാന്റെ പേര് എടുത്തു പറഞ്ഞില്ല.
പാകിസ്ഥാനിലെ ഏറ്റവും ജനപ്രിയനായ നേതാവായിട്ടും ഖാന്റെ പേരും ചിത്രവും മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമായതായാണ് റോയിട്ടേഴ്‌സ് കണ്ടെത്തിയത്. വാര്‍ത്താ വെബ്‌സൈറ്റുകളിലും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അപ്രത്യക്ഷമായി.
പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ സംപ്രേഷണ സമയം പിടിച്ചുപറ്റുന്ന രാഷ്ട്രീയക്കാരനാണ് മുന്‍ ക്രിക്കറ്റ് താരംകൂടിയായ ഖാന്‍. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വ്യാപകമായ കവറേജാണ് ലഭിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് റെഗുലേറ്ററി അതോറിറ്റി പ്രതികരിച്ചിട്ടില്ല.