കണ്ണൂര്‍- അടിമുടി ദുരൂഹതകള്‍ നിറഞ്ഞ കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്സിന്റെ കോച്ചിന് തീവെച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്കി. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചിന് തീയിട്ട കേസിലെ പശ്ചിമ ബംഗാള്‍ സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗറിനെ (37) കസ്റ്റഡിയില്‍ വാങ്ങുന്നതിനാണ് അപേക്ഷ നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായാണ് അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. ജയിലില്‍ വെച്ച് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇതിന് അനുമതി നല്‍കിയത്. എ.സി.പി. ടി.കെ. രത്നകുമാറാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത സമയത്ത് ചോദ്യം ചെയ്തുവെങ്കിലും സംഭവത്തിലേക്ക് നയിച്ച നിര്‍ണ്ണായക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതി പല ചോദ്യങ്ങളോടും പ്രതികരിക്കാന്‍ തയ്യാറാവാത്തതും നല്കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും തുടര്‍ അന്വേഷണത്തിന് തിരിച്ചടിയാവുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ ട്രെയിന്‍ തീവെപ്പിന് കാരണമായി ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഭിക്ഷയെടുക്കാന്‍ അധികൃതര്‍ അനുവദിക്കാത്തതിലുണ്ടായ വൈരാഗ്യമാണ് തീവണ്ടിക്ക് തീയിടാന്‍ കാരണമെന്നാണ് ഉത്തരമേഖല ഐ.ജി അരുണ്‍കുമാര്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. മാത്രമല്ല, പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയമുണ്ടെന്നും തീപ്പെട്ടി ഉപയോഗിച്ചാണ് തീയിട്ടതെന്നുമുള്ള വിശദീകരണങ്ങള്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയാവുകയാണ്.
തീവണ്ടി കത്തിക്കാന്‍ സ്റ്റേഷനില്‍ ആളില്ലാത്ത അര്‍ദ്ധരാത്രി തെരഞ്ഞെടുത്തതും, പെട്രോള്‍ കാനുമായി പോയി തീയിട്ടതും പ്രതി സ്വബോധത്തോടെയാണ് ചെയ്ത തെന്നതിന് തെളിവാണ്. പ്രതി കാനുമായി തീവണ്ടിക്കരികിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍നിന്ന് ലഭിച്ചിരന്നു. എന്നാല്‍ കത്തി നശിച്ച ബോഗിയില്‍ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലന്നാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിനായി രണ്ട് തവണ പരിശോധന നടത്തുകയും ചെയ്തു. പെട്രോളോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കാതെ എങ്ങിനെ ഒരു ബോഗി പൂര്‍ണമായി അഗ്നിക്കിരയാക്കിയെന്നത് ദുരൂഹമാണ്. ഒരു സീറ്റ് കുത്തിക്കീറിയ ശേഷം കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ച് തീവെച്ചുവെന്നാണ് പ്രതി മൊഴി നല്‍കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബീഡി വലിക്കുന്ന പ്രകൃതക്കാരനായതിനാല്‍ തീപ്പെട്ടി എപ്പോഴും കൈവശമുണ്ടാകാറുണ്ടെന്നാണ് പ്രതി നല്കിയ മൊഴിയില്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന കാനില്‍ എന്തായിരുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. കൈയ്യില്‍ പൈസയില്ലാത്ത ഭിക്ഷാടകനായ, മാനസിക വിഭ്രാന്തിയുള്ള പ്രതി, പണം കൊടുത്ത് ഇന്ധനം വാങ്ങി തീവണ്ടി കത്തിക്കാന്‍ അര്‍ദ്ധരാത്രി തന്നെ തെരഞ്ഞെടുത്തുവെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. തലശ്ശേരിയിലെത്തിയ പ്രതി, തലശ്ശേരിയില്‍ യാതൊരു അതിക്രമങ്ങളും കാട്ടാതെ കണ്ണൂരിലെത്തി അര്‍ദ്ധരാത്രിക്ക് ശേഷം തീവണ്ടിക്ക് തീവെച്ചുവെന്ന വാദവും ദുരൂഹമാണ്.
കണ്ണൂര്‍ തീവെപ്പു സംഭവം അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എലത്തൂര്‍ തീവെപ്പ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം കണ്ണൂരിലെത്തി പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു മടങ്ങിയിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ചില വെളിപ്പെടുത്തലുകള്‍ കണ്ണൂര്‍ സംഭവത്തിലേക്ക് വഴി തുറക്കുന്നതാണ്. ഇതേക്കുറിച്ച് എന്‍.ഐ.എ സംഘം പരിശോധന നടത്തുമെന്നാണ് വിവരം.
കണ്ണൂര്‍ തീവെപ്പ് കേസ് പ്രതി പ്രസോന്‍ജിത്ത് സിഗ്ദറെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബംഗാളിലേക്ക് പോയ സിറ്റി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. പ്രസോന്‍ജിത്ത് കുറെക്കാലം ഹോട്ടല്‍ തൊഴിലാളിയായി ദല്‍ഹിയിലും മുംബെയിലും ജോലി ചെയ്തിരുന്നു. പിന്നീട് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റും, ഭിക്ഷയെടുത്തുമാണ് ജീവിച്ചു വരുന്നത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.