കൊച്ചി- സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വനിത ടീമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ഐ.എസ്.എലിൽ ബെംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എൽ പ്ലേ ഓഫ് മത്സരത്തിനിടെ കളം വിട്ടതിന് ബ്ലാസ്റ്റേഴ്സ് ടീമിന് നാലു കോടി രൂപ പിഴ വിധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് കഴിഞ്ഞ സീസണിൽ രൂപീകരിച്ച വനിത ടീമിനെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചത്. വനിതാ ടീമിന്റെ പ്രവർത്തനങ്ങൾക്ക് താത്കാലിക വിരാമം ഇടുകയാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബിന്മേൽ അടുത്തിടെ വിധിച്ച വലിയ പിഴ ഉണ്ടാക്കിയ സാമ്പത്തിക സ്ഥിതി ആണ് ഈ തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചതെന്നും ക്ലബ് പറയുന്നു. ഫുട്ബോൾ ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുവെങ്കിലും, ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങളെ ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഈ വർഷം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു. ഇനി അത് സാധ്യമല്ല. ടീമിന്റെ പ്രവർത്തനം നിർത്തുന്നത് താൽക്കാലികമാണെന്നും, സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
അതേസമയം ക്ലബ്ബിന്റെ തീരുമാനം മണ്ടത്തരവും അപക്വവുമാണെന്ന് വിമർശനമുയർന്നു. പുരുഷ ടീമിന് പിഴ ചുമത്തിയതിന് വനിതാ ടീമിനെ പിരിച്ചുവിടുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വനിത ടീം ഗോൾകീപ്പർ അതിഥി ചൗഹാൻ ട്വീറ്റ് ചെയ്തു. പുരുഷ ടീമിന് അവർ ചെയ്തതിന് പിഴ ലഭിക്കുന്നു, അതിന് വനിതാ ടീമിന്റെ ബജറ്റിലുള്ള പണം നിർത്തിവെച്ച് ടീമിന്റെ പ്രവർത്തനം നിർത്തുന്നു. കൊള്ളാം, ഇങ്ങനെയാണ് ഇന്ത്യയിൽ വനിതാ ഫുട്ബോൾ വികസിക്കുന്നത്-അതിഥി ട്വിറ്ററിൽ കുറിച്ചു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ
ആരാധകരുടെ ഔദ്യോഗിക ഗ്രൂപ്പായ മഞ്ഞപ്പടയും സമൂഹമാധ്യമത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് വലിയ ആഘോഷത്തോടെ കേരള ബ്ലാസ്റ്റേഴ്സ് വനിത ടീം പ്രഖ്യാപനം നടത്തിയത്. കേരള വുമൺസ് ലീഗിൽ അരങ്ങേറിയ ടീം മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കിരീട നേട്ടത്തോടെ ഇന്ത്യൻ വനിതാ ലീഗിലേക്ക് യോഗ്യത നേടാൻ ലക്ഷ്യമിട്ടായിരുന്നു ടീമിന്റെ അരങ്ങേറ്റം. അടുത്ത 2-3 വർഷത്തിനകം, എഎഫ്സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നു. മുൻ താരവും പരിശീലകനുമായ ഷെരീഫ് ഖാൻ ആയിരുന്നു ടീം കോച്ച്. ദീർഘകാല കരാറിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം.