ഭുവനേശ്വര്‍- ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ അന്വേഷണം സി. ബി. ഐ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി സി. ബി. ഐ അന്വേഷണ സംഘം അപകടസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
അട്ടിമറിയും ഗൂഢാലോചനയും ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് പിന്നിലുണ്ടെന്ന ആരോപണവും സംശയവും ഉയര്‍ന്നതോടെയാണ് അന്വേഷണം സി. ബി. ഐക്ക് വിട്ടത്. ട്രെയിന്‍ അപകടത്തിന്റെ കാരണം ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലേയോ പോയന്റ് മെഷീനിലേയോ സിഗ്നല്‍ സംവിധാനത്തിലേയോ പിഴവാണോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധന നടത്തും. സി. ബി. ഐക്കു പുറമെ റെയില്‍വേ സുരക്ഷ കമ്മിഷണറും അപകടത്തെ സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ നാല്‍പ്പതോളം പേര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന എഫ്. ഐ. ആര്‍ പുറത്തുവന്നു. ഇവരുടെ ശരീരത്തില്‍ അധികം മുറിവുകളില്ലെന്നും അപകട സമയത്ത് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതു മൂലമാണ് ഇവര്‍ മരിച്ചതെന്നുമാണ് എഫ്. ഐ. ആറില്‍ ബാലസോര്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ ബോഗികള്‍ ലോ ടെന്‍ഷന്‍ വൈദ്യുത ലൈനുകളുടെ മുകളിലേക്ക് പതിച്ചത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.