പത്തനംതിട്ട- നഗരത്തില്‍ നടപ്പാതയിലെ ഓടയുടെ വിടവില്‍ സ്ത്രീയുടെ കാല് കുടുങ്ങി. ശൂരനാട് സ്വദേശിനി അമ്പിളിയുടെ കാലാണ് മണിക്കൂറുകളോളം സ്ളാബുകള്‍ക്കിടയില്‍ കുടുങ്ങിയത്.
പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ നടപ്പാതയിലാണ് സംഭവം. വഴിയാത്രക്കാരുടെ സഹായത്തോടെ സ്ലാബിനിടയില്‍ നിന്നും കാല് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് സ്ലാബ് നീക്കി കാല് പുറത്തെടുത്തത്. പൊരിവെയിലില്‍ ഏറെ നേരം സ്ലാബില്‍ കാല് കുടുങ്ങി ആധിയോടെ ഇരിക്കേണ്ടി വന്നെങ്കിലും ചെറിയ മുറിവ് ഒഴിച്ചാല്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. പത്തനംതിട്ട നഗരത്തില്‍ അശാസ്ത്രീയമായും അലക്ഷ്യമായും നടപ്പാതകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ മുമ്പും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.