ഉത്തരകാശി- ഉത്തരാഖണ്ഡിലെ പുരോല പട്ടണത്തില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ ഭീഷണി പോസ്റ്ററുകള്‍. മുസ്ലിം കച്ചവടക്കാര്‍ ഉടന്‍തന്നെ സ്ഥലം വിടണമെന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്.
ഏതാനും ദിവസം മുമ്പ് മൈനര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പ്രദേശവാസികള്‍ ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രദേശത്തെ കച്ചവടക്കാരനായ ഉബേദ് ഖാന്‍ (24), മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് ജിതേന്ദര്‍ സാനി (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉടന്‍തന്നെ പുരലോ വിടണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ മുസ്ലിം വ്യാപാരികളുടെ കടകളുടെ ഷട്ടറുകളിലാണ് പതിച്ചതെന്ന് പുരോല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഖാജന്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. മുസ്ലികള്‍ കടകള്‍ പൂട്ടി ജൂണ്‍ 15 നകം സ്ഥലം വിടണമെന്ന ആവശ്യവുമായാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തുള്ളത്. കടകളുടെ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ച നിലയിലാണ്.
വ്യാപര മണ്ഡല്‍ ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. സമാധാനം തകര്‍ക്കാനും പ്രത്യേക സമുദായത്തെ വൈകാരികമായി പ്രകോപിപ്പിക്കാനും ലക്ഷ്യമിട്ട് പോസ്റ്റര്‍ പതിച്ച ദേവഭൂമി രക്ഷാഅഭിയാന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
പോസ്റ്ററുകള്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദേവഭൂമി രക്ഷാ അഭിയാനുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും പുരോല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഖാജന്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
പട്ടണത്തിലെ സമാധാനവും സാമൂഹിക സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ക്രിമിനല്‍ വിഭാഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഒരു സംഘം മുസ്ലിംകള്‍ പുരോല എസ്ഡിഎം ദേവാനന്ദ് ശര്‍മ്മയെയും എസ്എച്ച്ഒ ചൗഹാനെയും സന്ദര്‍ശിച്ചു.
വര്‍ഷങ്ങളായി മുസ്‌ലിം കുടുംബങ്ങള്‍ സമാധാനപരമായി ജീവിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രിമിനല്‍ ചിന്താഗതിക്കാരായ ആളുകള്‍ പുറത്തുനിന്ന് വന്ന് വ്യാപാരത്തിന്റെ പേരില്‍ നഗരത്തിലെ സാമൂഹിക അന്തരീക്ഷം നശിപ്പിക്കുകയാണെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ക്രിമിനല്‍ ഘടകങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ വ്യാപാരി മണ്ഡലിനൊപ്പമാണെന്ന് തുണി വ്യാപാരികളായ അഷ്‌റഫും റയീസും പറഞ്ഞു.
In Uttarakhand, far-right mob protested and vandalised Muslim owned shops after a Muslim youth was caught in an alleged attempt to elope with a local girl. pic.twitter.com/kK6a4Yon50
— Md Asif Khan (@imMAK02) June 6, 2023