ഗാസ - മൂന്നു വയസുകാരൻ മുഹമ്മദ് അൽതമീമിയെ ഇസ്രായിലി സേന വെടിവെച്ചു കൊന്നതിൽ അടിയന്തിര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ നബി സ്വാലിഹ് ഗ്രാമത്തിലാണ് ഇസ്രായിൽ സേനയുടെ കൊടുംകൂരത. മാനവികക്കെതിരായ കുറ്റകൃത്യമാണ് ഇസ്രായിൽ സൈന്യം നടത്തിയത്. മുഹമ്മദ് അൽതമീമിയുടെയും മറ്റു ഫലസ്തീനി ബാലന്മാരുടെയും വധത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണം. സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അടിയന്തിര അന്വേഷണം ആരംഭിക്കണം. മുഹമ്മദ് അൽതമീമിയുടെ വധത്തെ അപലപിച്ച ഫലസ്തീൻ വിദേശ മന്ത്രാലയം ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്രായിലിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ജൂൺ ഒന്നിന് ബന്ധുക്കളെ സന്ദർശിക്കാൻ മകനുമായി കാറിൽ പോകുന്നതിനിടെയാണ് തൊട്ടടുത്തു നിന്ന് തങ്ങൾക്കു നേരെ ഇസ്രായിലി സൈനികർ നിറയൊഴിച്ചതെന്ന് ബാലന്റെ പിതാവ് ഹൈഥം അൽതമീമി പറഞ്ഞു. വെടിവെപ്പിൽ മകന് ഗുരുതരമായി പരിക്കേറ്റു. തനിക്ക് തോളിന് വെടിയേറ്റതായും ഹൈഥം അൽഥമീമി പറഞ്ഞു.
മെഡിക്കൽ സംഘം തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ബാലൻ മരണപ്പെടുകയായിരുന്നെന്ന് ഇസ്രായിലിലെ ശേബാ ആശുപത്രി പറഞ്ഞു. വെസ്റ്റ് ബാങ്കിലെ റാമല്ലക്കു സമീപമുള്ള ഹലമീഷ് കുടിയേറ്റ കോളനിക്കു നേരെ രണ്ടു ഫലസ്തീനി ആയുധധാരികൾ വെടിവെപ്പ് നടത്തിയതിനെ തുടർന്നാണ് ഇസ്രായിൽ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായിൽ സൈന്യം പറഞ്ഞിരുന്നു.