നവി മുംബൈ- കഴുത്തില്‍ കുത്തേറ്റ ബിസിനസുകാരന്‍ ഒരു കിലോമീറ്ററോളം സ്വയം ബൈക്കോടിച്ച് ആശുപത്രയിലെത്തി. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഇളയ സഹോദരനാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന തേജസ് ജയ്‌ദേവ് പാട്ടിലിന്റെ (30) കഴുത്തില്‍ തുരുമ്പിച്ച കത്തി കൊണ്ട് കുത്തിയത്. സാന്‍പദ സബര്‍ബിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സഹോദരന്‍ മോനിഷ് (28) ഒളിവിലാണ്.
രക്തം വാര്‍ന്നൊഴുകിയിട്ടും കത്തി കഴുത്തില്‍വെച്ചുകൊണ്ടുതന്നെ മനസ്സാന്നധ്യം നഷ്ടപ്പെടാതെ തേജസ് മോട്ടോര്‍ സൈക്കിളില്‍ കയറി ഓടിച്ചു. ഭാര്യ മെഡിക്കല്‍ ചെക്കപ്പിന് പോയതായിരുന്നു. ഉള്‍വെയിലുള്ള ഭാര്യയുടെ അച്ഛനോട് വിളിച്ചു പറഞ്ഞ ശേഷമാണ് തേജസ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
ഉടന്‍ ഐ.സിയുവിലേക്ക് മാറ്റി ഡോക്ടര്‍ പ്രിന്‍സ് സുരാനയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തി. കത്തി നീക്കം ചെയ്യാന്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ശസ്ത്രക്രിയ നടത്തയതെന്ന് ഡോ.സുരാന പറഞ്ഞു. ചുറ്റുമുള്ള ഞരമ്പുകളോ ധമനികളോ തകരാറിലാകില്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ സ്ഥിരമായ വൈകല്യത്തിനും ജീവന് നഷ്ടപ്പെടാന്‍ തന്നെയും കാരണമാകും. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. തലച്ചോറിലേക്ക് രക്തം നല്‍കുന്ന പ്രധാന രക്തക്കുഴലുകള്‍ക്ക് മുറിവേറ്റിരുന്നില്ല.
സഹോദരന്‍ തന്റെ വാട്ടര്‍ ടാങ്കര്‍ ബിസിനസില്‍ പങ്കാളിയാണെങ്കിലും മദ്യപാനം കാരണം ജോലി കൃത്യമായി ചെയ്തിരുന്നില്ലെന്ന് പാട്ടീല്‍ മൊഴി നല്‍കി. മോനിഷ് കൊലപാതക ശ്രമം നടത്താനുള്ള കാരണം വ്യക്തമല്ല.പ്രതിയെ വൈകാതെ പിടികൂടനാകുമെന്ന് പോലീസ് പറഞ്ഞു.