ഉത്തര്‍ പ്രദേശില്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ രോഗികളെ ശസ്ത്രക്രിയ ചെയ്തു. ഷാംലിയിലെ ആര്യന്‍ ആശുപത്രിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍വേദ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതേ ആശുപത്രിയിലെ വനിതാ കമ്പൗണ്ടര്‍ രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പ്രചരിച്ചിരുന്നു. ചികിത്സാ പിഴവുകളുടെ പേരില്‍ മൂന്ന് തവണ ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് നര്‍വേദ് സിങ് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപതില്‍ അധികം രോഗികള്‍ ചികിത്സാ പിഴവ് മൂലം ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാംലിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസിലേക്ക് അജ്ഞാതനായ ആരോ അയച്ച നല്‍കിയ സിഡിയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നര്‍വേദ് സിങ് ശസ്ത്രക്രിയ നടത്തുന്നതും വനിതാ കമ്പൗണ്ടര്‍ അനസ്‌തേഷ്യ നല്‍കുന്നതുമായ ദൃശ്യങ്ങളാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിക്കെതിരെ നിരവധി പേര്‍ മുന്‍പും പരാതി നല്‍കിയിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മെഡിക്കല്‍ സംഘം ആശുപത്രിയില്‍ പരിശോധന നടത്താനായി എത്തിയെങ്കിലും ബിജെപി നേതാവ് പവന്‍ തരാര്‍ ഇടപെട്ട് അന്വേഷണം തടസ്സപ്പെടുത്തിയെന്ന് ആരോപണം ഉണ്ട്.