ഹൈദരാബാദ് - നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്ന് വിദ്വേഷപ്രസംഗത്തെ തുടർന്ന് ബി.ജെ.പിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട തെലങ്കാന എം.എൽ.എ രാജാ സിങ് പറഞ്ഞു. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നും എം.എൽ.എ ആഹ്വാനം ചെയ്തു. തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പൊതുപരിപാടിയിലാണ് വിവാദ പ്രസ്താവന.
'നെറ്റിയിൽ പൊട്ടുതൊടുന്നവൻ എന്റെ സഹോദരനാണ്. അവൻ ഹിന്ദുവാണ്. എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാൻ സുഹൃത്താക്കൂ. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്. പണ്ട് ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണി. ഇപ്പോൾ ആയിഷയും ഭീഷണിയായി മാറിയിരിക്കുകയാണ്. ആയിഷ ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ആൺകുട്ടികൾക്കടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണമെന്നാണ്'- ഗോശാമഹൽ മണ്ഡലം എം.എൽ.എയായ രാജാ സിങ്ങിന്റെ ഓർമ്മപ്പെടുത്തൽ.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് പിന്നാലെ കഴിഞ്ഞ ആഗസ്തിലാണ് ഇദ്ദേഹത്തെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്. നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്. പുറത്താണുള്ളത്. തെലങ്കാനക്കും പുറമെ മറ്റു സംസ്ഥാനങ്ങളിൽ വച്ചും ഇദ്ദേഹം വിദ്വേഷപ്രസംഗം നടത്തിയിരുന്നു.