ഭുവനേശ്വര്‍ - ഒഡീഷയില്‍ 275 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നതായി റെയില്‍വേ അധികൃതരുടെ വെളിപ്പെടുത്തല്‍. ട്രാക്കില്‍ ട്രിയിനിന് കടന്നുപോകാന്‍ മെയിന്‍ ലൈനിലേക്ക് ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാ എന്നാണ് സംശയം. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ സംഘം ബലാസോറില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, അപകടത്തില്‍ മരിച്ചവരില്‍ ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ഡി എന്‍ എ പരിശോധന ആരംഭിച്ചു. ഒഡീഷാ പോലീസാണ് ട്രെയിന്‍ ദുരന്തത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്. അശ്രദ്ധ മൂലമുള്ള മരണം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍. വീഴ്ച വരുത്തിയ റെയില്‍വേ ജീവനക്കാര്‍ ആരെന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്നും എഫ് ഐ ആറില്‍ പറയുന്നു. ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്ഥാന പോലീസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറിയത്.