ഇന്‍ഡോര്‍ - മകള്‍ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രോഷാകുലനായ മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയുടെ പിതാവായ രാകേഷിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് രാകേഷ് മകളെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താന്‍ ദരിദ്രനാണെന്നും, മകള്‍ ദിവസവും ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കൂലിപ്പണിക്കാരനായ പ്രതി രാകേഷ് മയക്കുമരുന്നിന് അടിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയതാണ്.